Friday 23 October 2015

നാല് നാൾ കൂടി .... !

ജീവിതത്തിലെ എല്ലാ വേണ്ടാത്തരങ്ങളും ഉപേക്ഷിച്ച് മൊട്ടക്കുന്നിന് മുകളിലെ തൻ്റെ ചിരകാല സുഹൃത്തുക്കളായ ആ നാൽവർ സംഘത്തോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ നാട്ടുകാരുടെ പേടി സ്വപ്നമായ "പാരഡൈസ്" എന്ന മനുഷ്യ മൃഗങ്ങളുടെ സങ്കേതത്തിൽ മനുവിൻ്റെ അഭാവം വ്യക്തമായിരുന്നു.

പുതു ജീവിതം ആഗ്രഹിച്ച് മനുവിന് മുന്നിൽ ചായയുമായി വന്ന അശ്വതിയും ആഗ്രഹിച്ചത് അത് തന്നെ ആയിരിക്കണം. പക്ഷെ വാചാലത പ്രസരിക്കേണ്ട അശ്വതിയുടെ മുഖം അനിഷ്ടം കൊണ്ട് മൗനം പൂണ്ടപ്പോഴും കാരണവന്മാർക്ക് അത് സമ്മതത്തിൻ്റെ അടയാളമായിരുന്നു.

ഇണങ്ങാത്ത ബന്ധത്തെ അണയാത്ത വിളക്കായി ഇടവേളകൾ ഇല്ലാത്ത ഫോൺ വിളികൾ മാറ്റിയെടുത്തപ്പോൾ അശ്വതിയെക്കാൾ ആശ്വാസം കൊള്ളരുതായ്മകളിൽ നിന്ന് മനുവിൻ്റെ മോചനം ആഗ്രഹിച്ച അവൻ്റെ അമ്മക്ക് ആയിരുന്നു. കല്യാണ കച്ചവടത്തിന് കണക്ക് പറഞ്ഞ് വില ഉറപ്പിച്ച രണ്ട് അച്ചൻമാർക്കും അത് ധരാളമായിരുന്നു.

       *  *  * 
ഏതോ ഒരു പെൺകുട്ടിയെ കെട്ടടങ്ങാത്ത മദ്യത്തിൻ്റെ ലഹരിയിൽ ഇടിച്ച് വീഴ്ത്തിയപ്പോൾ  ഡ്രൈവ് ചെയ്തിരുന്ന ബിജുവിന് ലവലേശം പോലും കുറ്റബോധം തോന്നിയില്ല. കൂട്ടുകാർ രക്തത്തിൽ കുതിർന്ന ആ ശരീരത്തെ വാഹനത്തിലേക്ക് വലിച്ചിട്ടപ്പോഴും അവനോട് മൊട്ടക്കുന്നിലേക്ക് വാഹനം ഓടിക്കാൻ ആരും പറയേണ്ടി വന്നില്ല, അതായിരുന്നല്ലോ പതിവ് ശൈലി...

മൊട്ടകുന്നിലെ ആനപ്പാറയുടെ ചെരുവിൽ തങ്ങളുടെ ഊഴങ്ങളെ മറ്റുള്ളവർ ക്യാമറയിൽ പകർത്തുന്നത് കണ്ട് തങ്ങളുടെ കാമാഗ്നിയെ ആ ചോരയിൽ കുതിർന്ന ശരീരത്തിന് മുകളിൽ അവർ ജ്വലിപ്പിച്ച് നിർത്തി...

കല്ല്യാണ കുറിയുമായുള്ള മടക്കയാത്രയിൽ ബിജുവിൻ്റെ ഫോൺ വിളിക്ക് ഉത്തരം നൽകി കൊണ്ട് കൂട്ടുകാരെ പിണക്കാതിരാക്കാൻ മൊട്ടക്കുന്നിലെ ആനപ്പാറയുടെ ചെരുവിലേക്ക് വാഹനം ഓടിച്ച് കയറ്റുമ്പോഴും മനുവിൻ്റെ മനം നിറയെ അശ്വതിയും നാല്‌ നാൾ കഴിഞ്ഞാലുള്ള കല്യാണ നാളും മാത്രമായിരുന്നു...

കാമം കുത്തിനിറച്ച യുവത്വ കാലത്ത് സ്ത്രീ ജന്മങ്ങൾ തങ്ങൾക്ക് എന്നും ഇരകൾ മാത്രം ആയിരുന്നുവെങ്കിലും അന്നാദ്യമായ് ആനന്ദത്തിന് പകരം വിഷാദം  ആയിരുന്നു മനുവിൻ്റെ മനം നിറയെ...

കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇരുൾ മുറ്റിയ രാത്രിയിൽ മങ്ങിയ മൊബൈൽ വെളിച്ചത്തിൽ വികൃതമായതും അവ്യക്തവുമായ ആ സ്ത്രീ ശരീരത്തെ തൻ്റെ ഉടലിലേക്ക് ചേർക്കുമ്പോഴും മനുവിൻ്റെ മൂക്കിൽ രക്തത്തിൻ്റെ മണം തളം കെട്ടി നിന്നു.തൻ്റെ ഊഴത്തെ കൂട്ടുകാർ മൊബെെൽ ക്യാമറയിൽ പകർത്തുന്നതിൽ അവന് വല്ലാത്ത അമർഷം തോന്നി. മനുവിൻ്റെ ശബ്ദം കേട്ട് പരിചിതം ആയത് കൊണ്ടാവണം കിടന്ന് ഞെരിഞ്ഞ് അടങ്ങുമ്പോഴും ആ ശരീരം അവനെ തിരിച്ചറിഞ്ഞതും അവൾ അശ്വതിയുടെ സ്വരത്തിൽ ശബ്ദിച്ചതും... " മനുവേട്ടാ.. ഒരു നാ..ല് നാ.. ൾ കൂടി.....