Friday, 31 July 2015

സ്വയം പര്യാപ്തത...!


വീർത്ത വയറും താങ്ങി പിടിച്ചുള്ള അയാളുടെ നടത്തം ഒന്ന് കണേണ്ടത് തന്നെയാണ്. പ്രവാസം അവസാനിപ്പിച്ച് മടങ്ങി വന്നിട്ട് നാല് മാസം പിന്നിട്ടിട്ട് ദിവസങ്ങൾ ആവുന്നതെ ഉള്ളൂ... പക്ഷെ അപ്പോഴേക്കും വയർ ആറു മാസമായ ഗർഭണിയുടേത് പോലുണ്ട്. കയ്യിലെ പൊതിയിലുള്ള ഇറച്ചിയുമായി  വീട്ടിലെത്തിയിട്ട് വേണം രാത്രി അത്താഴത്തിനുള്ള കുക്കർ വിസിൽ ഊതാൻ.

സമയം സന്ധ്യ ആയിരിക്കുന്നു.. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള നsത്തത്തിന് അയാൾ വേഗത കൂട്ടി. അപ്പോഴും അയാളു ടെ മനസ് ചന്തയിൽ നിന്നും കേട്ട യുവാവിന്റെ വാക്കുകളിൽ തന്നെയായിരുന്നു. വാക്കുകളുടെ ഇടർച്ചയും കൂടെയുള്ള മുരൾച്ചയും പഴകിയ ഉച്ചഭാഷണിയാണന്ന് പറയുന്നുണ്ട്. നല്ല രീതിയിൽ വസ്ത്രം ധരിച്ച ഒരു സുന്ദരനായ ചെറുപ്പക്കാരൻ. അയാളാണ് പ്രാസംഗികൻ, ഒരു ഇരുപത്തിരണ്ട് വയസ് പ്രായം കാണും.ഒത്ത ശരീരം, വെളുത്ത നിറം, ചീകി ഒതുക്കിയ മുടി. കുടെ വേറെ ഒന്ന് രണ്ട് ചെറുപ്പക്കാരുമുണ്ട്. ഏതോ പരിസ്ഥിതി സംഘടനയുടെ ആളുകളാണന്ന് പൊടിപിടിച്ച ആ ഫ്ലക്സിൽ നിന്നും വായിച്ചെടുത്തു. കുറച്ച് ആളുകൾ ചുറ്റും കൂടിയിരിക്കുന്നു.
നർമ്മം കലർന്ന അയാളുടെ പ്രസംഗം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.പക്ഷെ പിന്നീട് അയാൾ പറഞ്ഞത് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അന്യസംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ നാട്ടിലേക്ക് കൊണ്ട് വരുന്ന പച്ചക്കറികളിൽ ഉപയോഗിക്കുന്ന കീടനാശിനി പ്രയോഗം, അതായിരുന്നു വിഷയം. പത്ത് വർഷത്തെ പ്രവാസത്തിന് ശേഷം ഗൃഹാതുരത്വം നിറഞ്ഞ നാളുകൾ തിരികെ കിട്ടാനാണ് വിസ എക്സിറ്റും അടിച്ച് നാട്ടിലേക്ക് പോന്നത്‌, ഇവിടെ ആകെ വിഷമയമായിരിക്കുന്നു.
പ്രസംഗം കഴിഞ്ഞ് ബോധവൽക്കരണവും നടത്തി അവർ അടുത്ത നാട്ടിലേക്ക് പോയപ്പോഴും കവല മുഴുവൻ അവർ പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു ചർച്ചാ വിഷയം.

കോഴി വെട്ടുന്നതിനിടയിൽ കോഴിക്കാരൻ ഹംസാക്ക രാസ പ്രയോഗത്തേയും കീടനാശിനിയേയും കുറിച്ച് ഒരു ക്ലാസ് തന്നെ എടുത്തു. കേൾക്കാൻ കടയിൽ ഒരു പറ്റം ചർച്ചക്കാർ തന്നെയുണ്ടായിരുന്നു. തറവാട്ടിൽ ആയിരുന്ന കാലത്ത് വീടിന്റെ നടുമുറ്റത്തും അടുക്കള തോട്ടത്തിലും അമ്മ വിളയിച്ചിരുന്ന പാവക്കയും വെണ്ടയും ചീരയും കുമ്പളവും മത്തനും അടക്കം അനേകം സാധനങ്ങളെ അയാൾ മനസ്സിലോർത്തു.അന്ന് അവയ്ക്ക് വെള്ളം നനയ്ക്കാൻ അമ്മ പറയുമ്പോൾ മടിയോടെ വേച്ച് വേച്ച് നടന്ന് പോയി അമ്മയോട് കള്ള വയറു വേദന അഭിനയിച്ചത് ഇളം ചിരിയോടെ അയാൾ ഓർത്തു. ആ പച്ചക്കറികളുടെ സ്വാദ് ഒന്ന് വേറെ തന്നെ ആയിരുന്നു. അതിലെ മത്തൻ കൂട്ടാൻ തനിക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു എന്ന് ഓർക്കുമ്പോൾ അയാളുടെ വായിൽ നിറഞ്ഞ വെള്ളം അയാൾ തുപ്പി കളഞ്ഞു...

വീട്ടിലെത്തിയപ്പോഴേക്കും തരിശായി കിടക്കുന്ന മലയിലുള്ള പറമ്പിൽ എന്തങ്കിലും നട്ടുപിടിപ്പിക്കണം എന്ന് അയാൾ തീരുമാനിച്ചിരുന്നു. ഒരുപാട് നാളായി അങ്ങോട്ട് പോയിട്ട് തന്നെ, കഴിഞ്ഞ ലീവിന് വന്നപ്പോഴാണ് മകന്റെ കൂടെ പോയത്, പിന്നീട് പോയിട്ടില്ല. മകനാണ് എല്ലാം നോക്കി നടത്തുന്നത്.
പക്ഷെ അയാൾ ആകെ അസ്വസ്ഥനായിരുന്നു. കിളയ്ക്കാൻ പോയിട്ട് ഒരു തൂമ്പ എടുത്ത് പൊക്കാൻ പോലും തന്റെ  ആരോഗ്യം അനുവദിക്കില്ലല്ലോ എന്ന് മനസിലാക്കിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞ് പോയി. എങ്കിലും തന്റെ പ്രതീക്ഷകൾ എല്ലാമെല്ലാമായ മകനിലേക്ക്അയാൾ പറിച്ച് നട്ടു.

നഗരത്തിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ്ടുവിനാണ് അവൻ പഠിക്കുന്നത്. അവൻ ഒരു പാട് വളർന്നിരിക്കുന്നു... തന്നെക്കാൾ,
പഠിത്തതിന് ശേഷം ബിസിനസിലേക്ക് തിരിയാനാണ് അവന് താൽപ്പര്യം..
ഏറ്റവും മികച്ച വില കൂടിയ വസ്ത്രങ്ങൾ ധരിച്ചുള്ള അവന്റെ നടത്തം തന്നെ പോലും കൊതിപ്പിക്കുന്നതായി അയാൾക്ക് തോന്നി.

ചെറിയ ഒരു മുരൾച്ചയോടെ ഒരു മാരുതി സ്വിഫ്റ്റ് കാർ ആ വീടിനു മുന്നിൽ ബ്രേക്കിട്ടു.
കയ്യിൽ ഒരു പൊതിയുമായിട്ടാണ് മകന്റെ  ഇന്നത്തെ വരവും... തിന്നാനുള്ള എന്തങ്കിലും ആയിരിക്കും അതിൽ. അറിഞ്ഞ് കൊണ്ട് തന്നെയുള്ള അയാളുടെ ചോദ്യത്തിന് പപ്പാ ഇത് അൽപ്പം ബ്രോസ്റ്റ് ആണന്ന് അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു. അയാളും ഒന്ന് ചിരിച്ചു. ആ പൊതി ഉള്ളിൽ വെച്ച് മടങ്ങി വരാൻ അയാൾ പറഞ്ഞു, ആവശ്യം  കഴിഞ്ഞ അവൻ പെട്ടന്ന് മടങ്ങി വന്നു...
എന്തു പറ്റി പപ്പാ എന്ന മകന്റെ ചോദ്യത്തിന് അയാൾ മറുപടി നൽകി...
"നമ്മുടെ അടുക്കളക്ക് വേണ്ടത് നമ്മുടെ പറമ്പിൽ തന്നെ ഉണ്ടാക്കണം. അതിനുള്ള ഏർപ്പാടുകൾ നീ ചെയ്യണം"
അവൻ വല്ലാതെ ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു
"പപ്പാ, പപ്പ മനസിൽ കണ്ടത് ഞാൻ എന്നോ ഒരുക്കാൻ തടങ്ങിയിട്ടുണ്ട്.."
നാളത്തോടെ നമ്മുടെ മലയിലുള്ള ആ ഒഴിഞ്ഞ പറമ്പിൽ ആ വർക്കുകൾ പൂർത്തിയാകും. ഒരു പത്ത് നാൽപ്പത് ദിവസം കഴിയട്ടെ, പിന്നെ നമുക്ക് ഒന്നും പുറത്ത് നിന്ന് വാങ്ങേണ്ടി വരില്ല. അയാളുടെ മനസ്സ് നിറഞ്ഞു. അയാൾ മകനെ വാരി പുണർന്ന് ചുംബനം നൽകി... നാളെ പറമ്പിലേക്ക് പോകുമ്പോൾ താനും ഉണ്ടന്ന് പറഞ്ഞ് അയാൾ അവന് പുറത്ത് പോകാൻ അനുമതി നൽകി...

എകദേശം ആറ് കിലോമീറ്ററോളം ഉണ്ട് പറമ്പിലേക്ക്. കുണ്ടും കുഴിയും താണ്ടി ആ കാർ മല കയറി പറമ്പിന്റെ മദ്ധ്യത്തിൽ എത്തി നിന്നു. മനുഷ്യവാസം കുറഞ്ഞ ഇടമാണ്. എങ്കിലും ആ സ്ഥലം കൃഷി ചെയ്യാൻ നല്ലതാണന്ന് അയാൾക്കറിയം..
തന്റെ മകനെ ഓർത്ത് അയാൾക്ക് അഭിമാനം തോന്നി..
വണ്ടിയിൽ നിന്നിറങ്ങി പറമ്പിന്റെ വടക്ക് ഭാഗത്ത് പുതുതായി ഉണ്ടാക്കിയ ഷെഡ്ഡുകൾ കാണാൻ മകനോടപ്പം നടക്കുമ്പോൾ പറമ്പിൽ എവിടെ നിന്നോ അപരിചിതമായ ഒരു രൂക്ഷഗന്ധം അയാളുടെ മൂക്കിലേക്ക് തുളച്ച് കയറി. ആ ഭാഗത്തേക്ക് പോകുന്തോറും അത് കൂടുന്നതായി അയാൾക്ക് തോന്നി.
പക്ഷെ ആ കാഴ്ച്ച കണ്ട അയാൾ ചലിക്കാനാകാതെ ആശ്ചര്യത്തോടെ നിന്ന് പോയി.
തന്റെ അടുക്കളയിലേക്ക് താൻ സമ്മാനിക്കാറുള്ളതിനെ,
തന്റെ മകന്റെ വീർത്ത ശരീരത്തിന്റെ  അവകാശിയെ തന്റെ മകൻ ഉണ്ടാക്കിയിരിക്കുന്നു.
തന്റെ അടുക്കളയ്ക്ക് പൂർണ്ണമായും പര്യപ്തത നൽകാൻ തന്റെ മകന് സാധിച്ചിരിക്കുന്നു.
നാൽപ്പത് ദിവസം കൊണ്ട് വിളവ് കൊയ്യുന്ന ലാഭമേറിയ കൃഷി.
വീട്ടിലേക്ക് കോണ്ട് പോകാൻ അയാളുടെ മകൻ ആ ബ്രോയിലർ ചാക്കിലാക്കുന്നത് കണ്ട് അയാൾ അന്തം വിട്ട് നിന്നു. തന്റെ വീടിൻ്റെ അടുക്കള ഇപ്പോൾ തികച്ചും സ്വയം പര്യാപ്തത നേടിയിരിക്കുന്നതായി അയാൾക്ക് തോന്നി ....

Friday, 24 July 2015

സ്ത്രീ'ധ'നം


സ്ത്രീ'ധ'നം


വധു മധുവിധു ആശിച്ചു
മധു വധു നിധിയും
വധു ധനം നിധിയായി നൽകി
മധു വധം വിധിയായും

Monday, 20 July 2015

മഴയോ അതോ !

മാനം കണ്ണീർ തൂകുന്നു,
ഒരു പക പോക്കൽ പോൽ

മരം മറിഞ്ഞ് വീഴുന്നു,
ഇനിയും മുറിക്കാൻ അനുവദിക്കില്ല പോൽ

പാറകൾ തനിയെ പിളരുന്നു,
ഇനിയും പിളർക്കാൻ അനുവദികില്ല പോൽ

പുഴ കൂട്ട് തേടി നടക്കുന്നു,
മണലൂറ്റുകാരൻ്റെ വീടും വേണം കൂട്ടിന് പോൽ

തോട് മത്സരിചീടുന്നു,
മാലിന്യങ്ങളുടെ നിറങ്ങളോട് തോൽക്കാൻ വയ്യ പോൽ

പാടങ്ങൾ കര കവിയുന്നു
ജൈവ പാനത്തിനാണ്
യാത്ര പോലും

വരക്കാർ വരച്ച് കൂട്ടുന്നു
ഭംഗിയുടെ ലീലാവിലാസങ്ങൾ

പ്രകൃതി നിവർന്ന് നിൽക്കുന്നു
ഛായാചിത്ര-ത്തിനായ്

എന്തോ ഞാൻ മാത്രം ഭയക്കുന്നു
എല്ലാം അവസാനിക്കാനുള്ള
ആളിക്കത്തലുകൾ ആകുമോ....?